സംസ്ഥാനത്തെ എസ്.എസ്.എൽ.സി (SSLC), ഹയർ സെക്കൻഡറി, വൊക്കേഷണൽ ഹയർ സെക്കൻഡറി വിദ്യാർത്ഥികൾക്കുള്ള ഗ്രേസ് മാർക്ക് വ്യവസ്ഥകളിൽ മാറ്റം വരുത്തി സർക്കാർ ഉത്തരവിറക്കി. പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ ശുപാർശയുടെ അടിസ്ഥാനത്തിലാണ് പുതിയ മാറ്റങ്ങൾ നടപ്പിലാക്കുന്നത്.
പുതിയ ഉത്തരവിലെ പ്രധാന തീരുമാനങ്ങൾ:
ശാസ്ത്രമാഗസിൻ മത്സരത്തിന് ഗ്രേസ് മാർക്ക്: കേരള സ്കൂൾ ശാസ്ത്രോത്സവത്തിന്റെ ഭാഗമായിരുന്ന ശാസ്ത്രമാഗസിൻ മത്സരത്തെ അതിൽ നിന്നും വേർതിരിച്ച് ഒരു സ്വതന്ത്ര സംസ്ഥാനതല മത്സരമാക്കി മാറ്റിയിട്ടുണ്ട്. ഈ മാറ്റത്തിന്റെ അടിസ്ഥാനത്തിൽ, സംസ്ഥാനതല ശാസ്ത്രമാഗസിൻ മത്സരത്തിൽ വിജയിക്കുന്ന കുട്ടികൾക്കും പുതുതായി ഗ്രേസ് മാർക്ക് അനുവദിക്കും.
വൊക്കേഷണൽ എക്സ്പോ ഇനി 'നൈപുണ്യ മേള': ശാസ്ത്രോത്സവത്തിന്റെ ഭാഗമായി മുൻപ് നടത്തിയിരുന്ന 'വൊക്കേഷണൽ എക്സ്പോ'യുടെ പേര് 'കേരള സ്കൂൾ നൈപുണ്യ മേള' (Skill Festival) എന്ന് പുനർനാമകരണം ചെയ്തു.
19 ഇനങ്ങൾക്ക് കൂടി ഗ്രേസ് മാർക്ക്: നൈപുണ്യ മേളയുടെ ഭാഗമായി ഉൾപ്പെടുത്തിയിട്ടുള്ള 19 തനതായ മത്സര ഇനങ്ങൾക്കും ഇനി മുതൽ ഗ്രേസ് മാർക്കിന് അർഹതയുണ്ടായിരിക്കും
.
പ്രധാന ഇനങ്ങളും ഗ്രേസ് മാർക്കും:
വിവിധ മേഖലകളിൽ മികച്ച പ്രകടനം കാഴ്ചവെക്കുന്ന വിദ്യാർത്ഥികൾക്ക് ലഭിക്കുന്ന പരിഷ്കരിച്ച മാർക്ക് വിവരം താഴെ നൽകുന്നു:
എൻ.സി.സി (NCC): റിപ്പബ്ലിക് ഡേ ക്യാമ്പ് (RDC), താൽ സൈനിക് ക്യാമ്പ് തുടങ്ങിയവയിൽ പങ്കെടുത്തവർക്ക് 40 മാർക്ക് ലഭിക്കും. കുറഞ്ഞത് 75 ശതമാനം പരേഡ് ഹാജറുള്ളവർക്ക് 20 മാർക്കും ലഭിക്കുന്നതാണ്.
എൻ.എസ്.എസ് (NSS): റിപ്പബ്ലിക് ഡേ ക്യാമ്പിൽ പങ്കെടുത്ത വോളന്റിയർമാർക്ക് 40 മാർക്ക്, ദേശീയ തലത്തിലുള്ള മറ്റ് ക്യാമ്പുകളിൽ പങ്കെടുത്തവർക്ക് 25 മാർക്ക്, സർട്ടിഫിക്കറ്റ് ലഭിച്ചവർക്ക് 20 മാർക്ക് എന്നിങ്ങനെ നൽകും.
സ്കൗട്ട് & ഗൈഡ്സ്: രാഷ്ട്രപതി അവാർഡ് ജേതാക്കൾക്ക് (ഹയർ സെക്കന്ററി വിഭാഗം) 50 മാർക്ക് ലഭിക്കും. ഹൈസ്കൂൾ വിഭാഗത്തിൽ ഇത് 25 മാർക്ക് ആണ്.
സ്റ്റുഡന്റ് പോലീസ് കേഡറ്റ് (SPC): നിശ്ചിത മാനദണ്ഡങ്ങൾ പാലിക്കുന്നവർക്ക് 20 മാർക്ക് ലഭിക്കും.
ലിറ്റിൽ കൈറ്റ്സ്: ഐ.ടി മേഖലയിലെ മികച്ച പ്രവർത്തനങ്ങൾക്ക് 15 മാർക്ക് അനുവദിച്ചു.
ശാസ്ത്രോത്സവം & കലോത്സവം: സംസ്ഥാനതല മത്സരങ്ങളിൽ എ ഗ്രേഡ് നേടുന്നവർക്ക് 20 മാർക്കും, ബി ഗ്രേഡിന് 15 മാർക്കും, സി ഗ്രേഡിന് 10 മാർക്കും ലഭിക്കും.
കേരള സ്കൂൾ സ്കിൽ ഫെസ്റ്റിവൽ: പുതുതായി ഉൾപ്പെടുത്തിയ 19 തത്സമയ മത്സരങ്ങളിൽ എ, ബി, സി ഗ്രേഡ് നേടുന്നവർക്ക് യഥാക്രമം 20, 15, 10 മാർക്കുകൾ ലഭിക്കും.
കായിക മത്സരങ്ങൾ (Sports)
അന്തർദേശീയ മത്സരങ്ങൾ: ഒന്നാം സ്ഥാനം നേടുന്നവർക്ക് 100 മാർക്കും, രണ്ടാം സ്ഥാനത്തിന് 90 മാർക്കും, പങ്കാളിത്തത്തിന് 75 മാർക്കും ലഭിക്കും.
ദേശീയ മത്സരങ്ങൾ: ഒന്നാം സ്ഥാനം നേടുന്നവർക്ക് 50 മാർക്കും, പങ്കാളിത്തത്തിന് 35 മാർക്കും ലഭിക്കും.
സംസ്ഥാന കായിക മേള: പൊതുവിദ്യാഭ്യാസ വകുപ്പ് നടത്തുന്ന മത്സരങ്ങളിൽ ഒന്ന് മുതൽ എട്ട് വരെ സ്ഥാനങ്ങൾ നേടുന്നവർക്ക് 20 മുതൽ 2 മാർക്ക് വരെ ലഭിക്കും.
ശ്രദ്ധിക്കേണ്ട നിബന്ധനകൾ:
ഒറ്റത്തവണ മാത്രം: വിവിധ ഇനങ്ങളിൽ ഒന്നിലധികം ഗ്രേസ് മാർക്കിന് അർഹതയുണ്ടെങ്കിൽ, ഏറ്റവും കൂടുതൽ മാർക്ക് ലഭിക്കുന്ന ഒരു ഇനത്തിന് മാത്രമേ ഗ്രേസ് മാർക്ക് അനുവദിക്കുകയുള്ളൂ.
പത്താം ക്ലാസിലെ ഇളവ്: എട്ട് അല്ലെങ്കിൽ ഒമ്പത് ക്ലാസുകളിൽ പഠിക്കുമ്പോൾ സംസ്ഥാനതല മത്സരങ്ങളിൽ പങ്കെടുത്തവർക്ക് പത്താം ക്ലാസിൽ ജില്ലാ മത്സരങ്ങളിൽ എ ഗ്രേഡ് ലഭിച്ചാൽ ഗ്രേസ് മാർക്കിന് അർഹതയുണ്ടാകും.
ബോണസ് മാർക്ക് ഇല്ല: ഗ്രേസ് മാർക്ക് അടിസ്ഥാനത്തിൽ അടുത്ത വർഷത്തെ പ്രവേശനത്തിന് അധിക ഇൻഡക്സ് (ബോണസ്) മാർക്ക് ലഭിക്കുന്നതല്ല.
കാലയളവ്: 2025 ജൂൺ 1 മുതൽ 2026 മെയ് 31 വരെ നടന്ന മത്സരങ്ങളിലെ സർട്ടിഫിക്കറ്റുകളാണ് പരിഗണിക്കുന്നത്

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ